പഴയങ്ങാടി :എരിപുരം – അടുത്തില റോഡിലെ കയറ്റത്തിൽ ഇന്നലെ പുലർച്ചെ ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടു. മുൻഭാഗം ഉയർന്ന ലോറി നിർത്താനാകാതെ പിന്നോട്ടു നീങ്ങി സമീപത്തെ വീട്ടുപറമ്പിലേക്കു മറിയാതെ അപകടമൊഴിവാക്കിയതു മറ്റൊരു വാഹനത്തിലെ ഡ്രൈവർ. റോഡിൽനിന്നു തെന്നിമാറിയ ലോറിയിലേക്കു മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കയറിയതോടെ വാഹനം നിയന്ത്രണവിധേയമാവുകയായിരുന്നു. ഇവിടെ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.
ഞായർ പുലർച്ചെ 1.20നു പയ്യന്നൂർ ഭാഗത്തുനിന്നു വരികയായിരുന്ന ഗ്യാസ് ടാങ്കറാണ് അപകടത്തിൽപെട്ടത്. സമീപത്തെ വീട്ടുമതിലേക്കു ലോറിയിടിച്ചു കയറുന്നതു തടയാൻ സമീപവാസിയും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.
ഇവിടെ സ്ഥാപിച്ച ദിശാബോർഡുകൾ സ്വകാര്യവ്യക്തിയുടെ ആവശ്യാർഥം മാറ്റി സ്ഥാപിച്ചതും അപകടത്തിനു പ്രധാനകാരണമായെന്നും പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങൾ കെഎസ്ടിപി റോഡ് വഴി പോകരുതെന്ന നിർദേശം ലംഘിച്ചാണ് വലിയ വാഹനങ്ങൾ ഇതുവഴി പോകുന്നതെന്നും ആക്ഷേപമുണ്ട്.


