ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ച് മാസം മുൻപ് മരിച്ചനിലയിൽ കണ്ടെത്തിയ ബത്തേരി സ്വദേശി ജിനേഷിന്റെ ഭാര്യയും ജീവനൊടുക്കി.
വയനാട് കോളേരി സ്വദേശി രേഷ്‌മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് രേഷ്‌മ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ജിനേഷിന്റെ മരണത്തിന് പിന്നാലെ മനോവിഷമത്തിലായിരുന്നു രേഷ്‌മ. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ജിനേഷിനെയും വീട്ടുമസ്ഥയായ വയോധികയെയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റുമരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയത്.


