കണ്ണൂർ: ബാറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്രമക്കേടുകൾ തടയാൻ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയായ ‘ഓപ്പറേഷൻ ബാർകോഡ്’ കണ്ണൂർ ജില്ലയിലും കർശനമാക്കി. ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. അളവ് തൂക്കത്തിൽ തട്ടിപ്പ് നടത്തിയതിനും വ്യാജ മദ്യവിൽപനയ്ക്കും ബാർ ഉടമകൾക്കെതിരെ നടപടിയെടുത്തു.
പഴയങ്ങാടിയിൽ അളവ് പാത്രത്തിൽ തട്ടിപ്പ്,
പഴയങ്ങാടിയിലെ ‘പ്രതീക്ഷ’ ബാറിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയിൽ അളവ് കുറഞ്ഞ പാത്രങ്ങൾ ഉപയോഗിക്കുന്നത് വിജിലൻസ് കണ്ടെത്തി.
60 മില്ലി പെഗ്ഗിന് പകരം 48 മില്ലി പാത്രവും, 30 മില്ലിക്ക് പകരം 24 മില്ലി പാത്രവുമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്.
സംഭവത്തെത്തുടർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ബാർ ഉടമയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി.
കേരളത്തിന് പുറത്തുള്ള മദ്യവും ബ്രാൻഡ് മാറ്റവും,
ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ ബാറുകളിൽ മദ്യക്കുപ്പികളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കേരളത്തിൽ വിൽപനയ്ക്ക് അനുമതിയില്ലാത്ത മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി.ചിലയിടങ്ങളിൽ ബ്രാൻഡിലും ഇനത്തിലും വ്യത്യാസമുള്ള മദ്യമാണ് നൽകുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.ഇക്കാര്യത്തിൽ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും കൂടുതൽ പരിശോധനകൾ നടത്തുമെന്നും വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:
വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് (പയ്യന്നൂർ), ഇൻസ്പെക്ടർമാരായ സജീവ് (തളിപ്പറമ്പ്), സുനിൽകുമാർ (പഴയങ്ങാടി), വിനോദ് ചന്ദ്രൻ (ഇരിട്ടി) എന്നിവർ വിവിധയിടങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി. ക്രമക്കേടുകളും അഴിമതിയും ശ്രദ്ധയിൽപ്പെട്ടാൽ 9447582440 എന്ന വാട്സാപ്പ് നമ്പറിൽ അറിയിക്കാമെന്ന് വിജിലൻസ് അറിയിച്ചു.


