കണ്ണൂർ : ജില്ലയിൽ ഈ വർഷം എലിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. ഇതുവരെ 250 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ രോഗം ബാധിച്ച് ചികിത്സ തേടിയത്. ഓരോ വർഷം കൂടുമ്പോഴും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ്. ഫലപ്രദമായ മരുന്നുകളും ചികിത്സയും ലഭ്യമായിട്ടും രോഗബാധയും മരണങ്ങളും കൂടുന്നത് ആശങ്കാജനകമാണ്.
ജില്ലയിലെ മലയോര മേഖലകളായ പേരാവൂർ, ഇരിട്ടി, മുഴക്കുന്ന്, കൊട്ടിയൂർ, ചപ്പാരപ്പടവ്, നടുവിൽ എന്നിവിടങ്ങളിലാണ് എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പുഴാതി, അഴീക്കോട്, എളയാവൂർ, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലവുമായോ വൃത്തിഹീനമായ സാഹചര്യങ്ങളിലോ ഇടപെഴകാത്ത കിടപ്പുരോഗികൾക്ക് പോലും ഈ വർഷം എലിപ്പനി ബാധിച്ചത് രോഗവ്യാപനത്തിന്റെ രീതികളിൽ മാറ്റം വരുന്നുണ്ടോ എന്ന സംശയമുയർത്തുന്നു.



