ഉളിക്കൽ : പ്രവാസിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ എയർപോർട്ടിൽ പോയ സമയത്ത് വീട്ടിൽ കള്ളൻ കയറി 27 പവൻ മോഷ്ടിച്ചതായി പരാതി. ഉളിക്കൽ നുച്യാട് നെല്ലിക്കൽ സിമിലിമോൾ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്ത് നിന്ന് അവധിക്ക് വരുന്ന ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കോഴിക്കോട് എയർപോർട്ടിൽ പോയതായിരുന്നുസിമിലിയും മകളും. വ്യാഴാഴ്ച പകലാണ് മോഷണം നടന്നത്.
പകൽ ആയതിനാൽ വീട് പൂട്ടാതെയാണ് ഇവർ പുറത്ത് പോയത്. വീട്ടിൽ സിമിലിമോളുടെ ഭിന്നശേഷിക്കാരനായ പിതാവ് മാത്രമാണ് ഉണ്ടായിരുന്നത്. പിതാവ് ചായ കുടിക്കുന്നതിന് മുച്ചക്ര വാഹനത്തിൽ വീടിന് പുറത്ത് പോയിരുന്നു. ഈ സമയത്താവാം മോഷണം നടന്നതെന്നാണ് നിഗമനം.
കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാര തുറന്നിട്ട നിലയിൽ കണ്ടത്. അലമാരയിലെ വസ്ത്രങ്ങൾ അടക്കം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഉളിക്കൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സമീപത്തെ സ്ഥാപനങ്ങളിലെ സിസി ടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.



