കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി പീഡിപ്പിച്ച കേസിൽ കുറ്റക്കാരായതായി കോടതി കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജയീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ വിധി പ്രഖ്യാപിച്ചിരുന്നു.ഇവർക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുക.
ഈ കേസിൽ കൂട്ടബലാത്സംഗം അടക്കമുള്ള ഗൗരവമായ 10 കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവയിൽ ചിലതിന് 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശക്തമായ ശിക്ഷയാണ് പ്രതികൾക്കായി പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികളെ രാവിലെ 11 മണിയ്ക്ക് മുൻപ് കോടതിയിൽ ഹാജരാക്കും. ശിക്ഷ നിർണ്ണയിക്കുന്നതിന് മുമ്പ്, ശിക്ഷയെക്കുറിച്ച് തങ്ങൾ പറയാൻ ഉള്ള കാര്യങ്ങൾ പ്രതികളിൽ നിന്ന് കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് ശിക്ഷ പ്രഖ്യാപിക്കും.
അതേസമയം, എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണം ഇന്ന് പുറത്തുവരുന്ന വിധിയിലൂടെ വ്യക്തമാകും എന്നാണ് പ്രതീക്ഷ. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതോ, അല്ലെങ്കിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോ ആയിരിക്കും കുറ്റവിമുക്തതയ്ക്ക് പിന്നിലെ കാരണം.



