തിരുവനന്തപുരം: സ്കൂളിൽ ചേരുംമുൻപുള്ള പ്രീപ്രൈമറി പഠനത്തിന് മൂന്നു വർഷ കോഴ്സ് ചിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ വിദ്യാഭ്യാസ വകുപ്പ്. പ്രീ-സ്‌കൂളുകൾക്കും പ്രീ പ്രൈമറി പഠനത്തിനും ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടു വരുകയാണ് സർക്കാർ.
സ്വകാര്യ പ്രീ-പ്രൈമറി സ്കൂളുകളെ നിയന്ത്രിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങൾ ആവിഷ്‌കരിക്കുന്നത്.
അടുത്ത അധ്യയനവർഷം മുതൽ ഏകീകൃത മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും പ്രീസ്‌കൂളുകളുടെ പ്രവർത്തനം.
പൊതുവിദ്യാഭ്യാസ വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേർന്നാണ് പ്രീ-സ്കൂളുകൾക്ക് പൊതുവായ ചട്ടക്കൂട് തയ്യാറാക്കുന്നത്.
പ്രീ-സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങൾ, പഠനരീതി എന്നിവ പരിഷ്‌കരിക്കും. തോന്നിയപോലെ പ്രീസ്‌കൂളുകൾ ആരംഭിക്കാമെന്ന നിലവിലെ സ്ഥിതി ഏകീകൃത ചട്ടക്കൂടാകുന്നതോടെ മാറും.
സ്വകാര്യ പ്രീ-പ്രൈമറി സ്കൂളുകൾ കൃത്യമായ മാനദണ്ഡങ്ങളോടെയല്ല പ്രവർത്തിക്കുന്നതെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ തദ്ദേശ സ്ഥാപനങ്ങളാണ് പ്രീ-സ്കൂളുകൾക്ക് അനുമതി നൽകുന്നത്. പുതിയ നിയമം കൊണ്ടുവരുന്നതോടെ പ്രീ-പ്രൈമറി സ്‌കൂളുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാകും.
പൊതുവിദ്യാഭ്യാസ വകുപ്പും വനിതാ ശിശുവികസന വകുപ്പും പ്രീ-പ്രൈമറി സ്‌കൂളുകളിൽ പരിശോധന നടത്തി അടിസ്ഥാനസൗകര്യങ്ങളും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയുംചെയ്യും.
അടുത്ത അധ്യയന വർഷം മുതൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസ്സാക്കുന്നതോടൊപ്പം പ്രീ-പ്രൈമറി വിദ്യാഭ്യാസ കാലയളവ് രണ്ടുവർഷത്തിൽനിന്ന് മൂന്നുവർഷമാക്കി ഉയർത്തുകയുംചെയ്യും.
മൂന്നാം വയസ്സിൽ ആരംഭിക്കുന്ന പ്രീ-പ്രൈമറി വിദ്യാഭ്യാസം ആറുവയസ്സുവരെ തുടരും. എസ്‌സിഇആർടി രൂപപ്പെടുത്തുന്ന പുതിയ പാഠ്യപദ്ധതിയാകും പ്രീ-പ്രൈമറി സ്കൂളുകളിൽ പഠിപ്പിക്കുക.



