കൊച്ചി:വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ എക്സ്പ്രസ് വണ്ടികളുടെ ചുരുങ്ങിയ യാത്രാനിരക്ക് വര്‍ധിച്ചു. ജനറല്‍ കോച്ചുമുതല്‍ ഉയര്‍ന്ന ക്ലാസുകള്‍ക്കാണ് അഞ്ചു രൂപ ചുരുങ്ങിയ വര്‍ധന ഉണ്ടായിട്ടുള്ളത്. 50 കിലോമീറ്റര്‍ ദൂരം വരുന്ന യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്ക് 30 രൂപയില്‍ നിന്ന് 35 ആയി ഉയര്‍ന്നത്. സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ ചുരുങ്ങിയ നിരക്ക് 45 രൂപ എന്നത് 50 രൂപയായി.
കിലോമീറ്ററിന് രണ്ടു പൈസ നിരക്കിലാണ് റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ ജനറല്‍ക്ലാസില്‍ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോടുവരെ പോകാന്‍ 10 രൂപ അധികം നല്‍കണം. കോട്ടയം വഴിയാണെങ്കില്‍ 15 രൂപ അധികം നല്‍കണം. സ്ലീപ്പര്‍, എസി, ചെയര്‍കാര്‍, എക്സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിവയ്ക്കും ആനുപാതികമായ നിരക്ക് വര്‍ധനയുണ്ട്.
സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് (200 കിമീ) ദൂരത്തിന് ടിക്കറ്റ് നിരക്കില്‍ മാറ്റം വന്നിട്ടില്ല. തേര്‍ഡ് എസി-(300 കിമീ) ദൂരത്തിന് 515 രൂപയണ്ടായിരുന്നത് 520 രൂപയായി ഉയര്‍ന്നു. സെക്കന്‍ഡ് എസി (300 കിമീ)- 720 രൂപ എന്നത് 725 രൂപയായി. എസി ചെയര്‍കാര്‍ (150 കിമീ) വരുന്ന യാത്രയ്ക്ക് 270 രൂപ എന്ന നിരക്കിന് മാറ്റമില്ല. എന്നാല്‍ ചെയര്‍കാര്‍ (50 കിമീ)- 45 രൂപ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയര്‍ന്നു. 215 കിലോമീറ്റര്‍വരെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധനയില്ലെന്ന വാഗ്ദാനവും കേരളത്തിന് ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. ജൂണില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഈവര്‍ഷത്തെ രണ്ടാമത്തെ വര്‍ധനയാണ് ഡിസംബറില്‍ നിലവില്‍ വന്നത്.



