മാതാപിതാക്കളുമായി പിണങ്ങി വീടുവിട്ടറങ്ങിയ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേർ പിടിയില്‍. കൈതപ്പൊയില്‍ ചീനിപ്പറമ്ബില്‍ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരുവില്‍ക്കാലായില്‍ പി കെ ഷബീറലി എന്നിവരെയാണ് ടൗണ്‍ അസി.കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.
മലപ്പുറത്ത് നിന്ന് 21ന് പുലർച്ചെയാണ് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലെത്തിയത്. തനിച്ചിരിക്കുന്ന പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ സമീപിച്ചു. സംസാരത്തില്‍ നിന്ന് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലാക്കിയ ഇവർ കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടെ കൂട്ടി. പന്തീരാങ്കാവിലെ ഫ്ലാറ്റിലെത്തിച്ച് പെണ്‍കുട്ടിയെ പ്രതികള്‍ക്ക് കൈമാറിയ ശേഷം കടന്നുകളഞ്ഞു.
ഫ്ലാറ്റില്‍വെച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് കടപ്പുറത്ത് എത്തിച്ച് ഇറക്കിവിടുകയും 4000 രൂപ നല്‍കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയെ പ്രതികള്‍ക്ക് കൈമാറിയവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സ്വർണം തട്ടിയെടുക്കലിനിടെ പുഴയില്‍ ചാടി യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് പിടിയിലായ സാലിഹ്. സ്വർണ്ണക്കടത്തടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


