PAYANGADI WEATHER Sunenergia adAds



സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍



കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തിലാണ് ഇഡി. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടും.


ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി. ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.


ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയായിരുന്നു നടനെ ഇഡി ചോദ്യം ചെയ്തത്. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയുമെടുത്തിരുന്നു.


2023 ജനുവരിയിൽ സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി.


മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാൽ ആർക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെ പരാതികൾ ഉയർന്നു.ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്‌സ് ഇതേപേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്‌സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം.


സിനിമാ താരങ്ങളുമായി അടുപ്പംപുലർത്തിയിരുന്ന സ്വാതിഖ് റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണ സംഘത്തിന് അന്ന് വിവരം ലഭിച്ചിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.