PAYANGADI WEATHER Sunenergia adIntegra AdAds



അംഗന്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയ പിതാവ് അറസ്റ്റില്‍

 


പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണംകൈയിലെ നിയാസിനെയാണ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കണാരംവയലിലെ അങ്കണവാടിയില്‍ ഒക്ടോബര്‍ 21 ന് ഉച്ചക്കായിരുന്നു സംഭവം.

സംഭവത്തില്‍ അങ്കണ്‍വാടി ഹെല്‍പ്പര്‍ കണാരംവയല്‍ കരക്കില്‍ വീട്ടില്‍ കെ.പ്രമീളക്ക്(57)പരിക്കേറ്റിരുന്നു.

ഇവരെ കൈകൊണ്ട് മര്‍ദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

നിിയാസും ഭാര്യയും വേര്‍പിരിഞ്ഞു താമസിക്കുകയാണ്.

കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ക്കുമ്പോള്‍തന്നെ പിതാവ് വന്നാല്‍ കൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ വര്‍ക്കറായ പെരുമ്പടവ് സ്വദേശിനി തങ്കമണിയും ഹെല്‍പ്പര്‍ പ്രമീളയും ജാഗ്രത പുലര്‍ത്തിയിരുന്നു.

21 ന് ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുമണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു.

പ്രമീള ക്ലീനിംഗ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കെ ഗ്രില്‍സ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അകത്തുകടന്ന നിയാസ് കുട്ടിയെ എടുത്ത് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ടത്.

ഇരുവരും ചേര്‍ന്ന് ഇയാളെ തടഞ്ഞപ്പോള്‍ തങ്കമണിയെ തള്ളിയിട്ട പ്രതി പ്രമീളയെ മര്‍ദ്ദിച്ച് കുട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ സമയം അങ്കണ്‍വാടിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ പേടിച്ച് കരഞ്ഞ് ബഹളംവെക്കുകയും ചെയ്തു.

നേരത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്ന കാറില്‍ നിയാസ് കുട്ടിയുമായി രക്ഷപ്പെട്ടു. 

നിയാസിന്റെ കാറിന് പിന്നാലെ പ്രമീളയും തങ്കമണിയും കരഞ്ഞുകൊണ്ട് ഓടുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ കടയില്‍ ഉണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിയാസിനെ പുറത്തിറക്കുകയും കുട്ടിയെ അങ്കണവാടി ജീവനക്കാരെ ഏല്‍പ്പിക്കുകയുമായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നിയാസിനെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തി ഇയാളെ നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

ഇതിനെതിരെ നല്‍കിയ പരാതിയിലാണ് പ്രതിയെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.