വെള്ളറട: ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടു. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസിൽ നിന്ന് ഇറക്കി വിട്ടത്.സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ആശുപത്രിയിൽ പോയി വരവേ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഡിപ്പോയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 10 മണിയോടെ കണ്ടക്‌ടർ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.സുഖമില്ലാത്ത തന്നെ ഭർത്താവ് എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.
വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർ തന്നെ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടർന്നാണ് ഡിപ്പോ അധികൃതർക്ക് പരാതി നൽകിയതെന്നും ദിവ്യ പറഞ്ഞു.


