ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും ആവാത്ത പിഞ്ചുകുഞ്ഞിനെ അജ്ഞാതർ കൊടും തണുപ്പില്‍ മരവിച്ച് മരിക്കാൻ ഉപേക്ഷിച്ചപ്പോള്‍ കാവലായി ഒരു കൂട്ടം തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നിന്ന് അപൂർവ്വ കാഴ്ച. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് വരെ തെരുവുനായ ആക്രമണത്തിന് ഇരയായ സംഭവങ്ങള്‍ക്കിടെയാണ് പിഞ്ചു കുഞ്ഞിന് തെരുവുനായകള്‍ സംരക്ഷകരായത്. രക്ഷാ പ്രവർത്തകർ എത്തും വരെ കുഞ്ഞിന് കാവലും കൊടും തണുപ്പില്‍ ചൂടും പകർന്നാണ് തെരുവുനായകള്‍ ചുറ്റും നിന്നത്. നാദിയയിലെ റെയില്‍വേ ജീവനക്കാരുടെ കോളനിക്ക് സമീപത്തെ ശുചിമുറിക്ക് പുറത്താണ് ചോരക്കുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്.
ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം ആയെന്ന് വ്യക്തമായ കുഞ്ഞിന്റെ ശരീരത്തില്‍ രക്തമടക്കം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ തുണി പോലും ഉപേക്ഷിച്ചവർ ഇട്ടിരുന്നില്ല. കൊടും തണുപ്പില്‍ കുഞ്ഞ് മരിച്ച് പോകുമെന്നോ നായ്ക്കള്‍ കടിക്കുമെന്നോയുള്ള ധാരണയിലാണ് അജ്ഞാതർ കൊടുംക്രൂരത കാണിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മേഖലയില്‍ ഉണ്ടായിരുന്ന തെരുവുനായകളുടെ കൂട്ടം പിഞ്ചുകുഞ്ഞിനെ കണ്ട് പാഞ്ഞെത്തി സംരക്ഷണം ഒരുക്കുകയായിരുന്നു. കുരച്ച് ബഹളം വയ്ക്കുകയോ അനങ്ങുകയോ ചെയ്യാതെ ഇവ രാത്രി മുഴുവൻ പിഞ്ചുകുഞ്ഞിന് സംരക്ഷണമൊരുക്കുകയായിരുന്നു. രാത്രിയില്‍ തങ്ങളല്ലാതെ മറ്റൊന്നും കുഞ്ഞിന് അടുത്തേക്ക് എത്താൻ ഇവ അനുവദിച്ചില്ലെന്നാണ് പ്രദേശവാസികള്‍ മാധ്യമങ്ങളോട് വിശദമാക്കിയത്.



