കണ്ണൂർ : ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് സ്ഥാനാർഥിയെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് പൊലീസ്. അടുത്ത ദിവസം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാകുമെന്ന് ഇവർ അറിയിച്ചുവെന്നും സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു.
ഒൻപതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി. അറുവയെ കാണാതായെന്ന് ബന്ധുവാണ് പരാതി നൽകിയത്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതെത്തുടർന്ന് പൊലീസ് അറുവയെ ബന്ധപ്പെടുകയായിരുന്നു.
ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി. പത്രികാസമർപ്പണം മുതൽ സജീവമായിരുന്ന സ്ഥാനാർഥിയാണ് മൂന്നുദിവസമായി സ്ഥലത്തില്ലാതെ വന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിനു സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാർഥിയെ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണം സിപിഎം തള്ളി.



