കൊച്ചി: മലയാറ്റൂരില്‍ നിന്ന് രണ്ടു ദിവസം മുമ്ബ് കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19) യെയാണ് മരിച്ചത്.
ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കാര്യത്തില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം എന്താണെന്ന് വ്യക്തമാകൂ. ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിയാണ് ചിത്രപ്രിയ.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടർന്ന് കാലടി പോലീസിലാണ്കുടുംബം പരാതി നല്‍കിയിരുന്നത്. അന്വേഷണത്തിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ആണ്‍സുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.



