ഇരിട്ടി:മലയോര മേഖല കേന്ദ്രീകരിച്ച് വർഷങ്ങളായി നിരോധിത പാൻമസാലകൾ വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയുടെ വാടക വീട്ടിൽ നിന്ന് 31 ചാക്ക് പാൻമസാലകൾ പോലീസ് പിടികൂടി. കന്യാകുമാരി സ്വദേശി പുഷ്പരാജ് (52) താമസിച്ചിരുന്ന വെമ്പുഴച്ചാലിലെ വാടക വീട്ടിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
തേൻ വ്യാപാരത്തിന്റെ മറവിലായിരുന്നു പ്രതി പാൻമസാല കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം വള്ളിത്തോട് മേഖലയിൽ വെച്ച് രണ്ട് ചാക്ക് പാൻമസാലയുമായി ഇയാൾ പിടിയിലായതിനെ തുടർന്നാണ് ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
ഇരിട്ടി, കരിക്കോട്ടക്കരി പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് 31 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പാൻമസാല കണ്ടെത്തിയത്. ഇതിൽ 27 ചാക്കുകളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും, രണ്ട് ചാക്കുകളിൽ കൂൾ ലിപ്പും ഉൾപ്പെടുന്നു.
തേനീച്ച കൃഷിയും തേൻ വ്യാപാരവും നടത്തുന്നെന്ന വ്യാജേന മലയോര മേഖലയിൽ വ്യാപകമായ വിൽപ്പന ശൃംഖലയാണ് ഇയാൾ സൃഷ്ടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ അഞ്ച് മണി മുതൽ വിവിധ വിൽപ്പന കേന്ദ്രങ്ങളിൽ പാൻമസാല എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി.
ഇരിട്ടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ കേരളത്തിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ അമിത വിലക്ക് വിൽക്കുന്ന വലിയ സംഘം പ്രവർത്തിക്കുന്നതായി പോലീസ് വ്യക്തമാക്കി. യുവാക്കളിൽ നിന്നും വയോധികരുവരെ ഈ കച്ചവട ശൃംഖലയിലെ കണ്ണികളാണെന്നും, അയൽ സംസ്ഥാനങ്ങളായ കർണാടക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. മലയോരത്തെ എല്ലാ പഞ്ചായത്ത് പരിധികളിലും പ്രതിയുടെ വിൽപ്പന കേന്ദ്രങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ഇരിട്ടി എസ്.ഐ കെ. ഷറഫുദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധന സംഘത്തിൽകരിക്കോട്ടക്കരി എസ്.ഐമാരായ സുനിൽ വാളയങ്ങാടൻ, പ്രശാന്ത്,എ.എസ്.ഐ ശ്രീജിത്ത്,സി.പി.ഒമാരായ ശ്രീലേഷ്, ശ്രീനാഥ്,ഇരിട്ടി സ്റ്റേഷൻ സി.പി.ഒമാരായ ഷിഹാബുദീൻ, ആദർശ്,ഇരിട്ടി ഡി.വൈ.എസ്.പി യുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷിജോയി, രതീഷ് കല്യാടൻ,കണ്ണൂർ റൂറൽ എസ്.പി യുടെ ലഹരി വിരുദ്ധ സംഘത്തിലെ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.



