കണ്ണൂര്‍: ആറായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്‌പെട്രേറ്റിലെ വനിത ഉദ്യോഗസ്ഥ റിമാന്‍ഡിലായി.
പാനൂര്‍ ചെണ്ടയാട് നിള്ളങ്ങല്‍ തെണ്ടന്‍ കുന്നുമ്മല്‍ വീട്ടില്‍ മഞ്ജിമ പി.രാജ്(48)നെയാണ് ഇന്ന് രാവിലെ 6.29 ന് കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്.
ഇതേപ്പറ്റി വിജിലന്‍സ് പറയുന്നത് ഇങ്ങനെ-
പറശിനിക്കടവ് സ്വദേശിയായ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയ യുവാവ് ബി.ക്ലാസ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട് ലൈസന്‍സ് ലഭിക്കാനായി തിരുവനന്തപുരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റില്‍ ഡിസംബര്‍ ആദ്യവാരത്തില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു.
കുറച്ചു ദിവസംമുമ്പ് മഞ്ജിമഫോണില്‍അപേക്ഷകനെ വിളിക്കുന്നു. നിങ്ങളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇത് പ്രോസസ് ചെയ്യുന്നതിന് ചില നടപടിക്രമങ്ങള്‍ ഉണ്ടെന്നും ഇവര്‍ അറിയിച്ചു.
ഔദ്യോഗികമായ നടപടിക്രമങ്ങളായിരിക്കും എന്നാണ് അപേക്ഷകന്‍ കരുതിയത്.
രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ച മഞ്ജിമ സന്തോഷത്തിനായി ചെലവുണ്ടെന്നും മറ്റ് രണ്ടുപേര്‍ക്ക് ഉള്‍പ്പെടെ നല്‍കാന്‍ 6000 രൂപ വേണമെന്നും ആവശ്യപ്പെട്ടു.
ഗൂഗിള്‍പേ വഴി പണം അയക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തനിക്ക് ഗൂഗിള്‍പേ ഇല്ലെന്നും കണ്ണൂര്‍ ആയതിനാല്‍ പണം എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അപേക്ഷകന്‍ പറഞ്ഞു.
ഞാനും കണ്ണൂര്‍ സ്വദേശിയാണെന്നും കൃസ്തുമസ് അവധിക്കായി 24 ന് രാവിലെ മലബാര്‍ എക്‌സ്പ്രസിന് വരുന്നുണ്ടെന്നും അപ്പോള്‍ തലശേരി റെയില്‍വെ സ്‌റ്റേഷനിലെത്തി പണം നല്‍കിയാല്‍ മതിയെന്നും ഇവര്‍ അറിയിച്ചു.
പേക്ഷകന്‍ ഇത് സമ്മതിച്ചു.
അതിന് ശേഷമാണ് അപേക്ഷ മഞ്ജിമ പ്രോസസ് ചെയ്ത് ലൈസന്‍സിംഗ് വിഭാഗത്തിലേക്ക് നല്‍കിയത്.
പണം ലഭിക്കുമെന്ന് ഉറപ്പുകിട്ടുംവരെ അപേക്ഷ പിടിച്ചുവെക്കുകയായിരുന്നു.
ഇന്നലെ അപേക്ഷകന്‍ വിജിലന്‍സ് ഡിവൈ.എസ്.പിയെ നേരില്‍ കണ്ട് പരാതി നല്‍കി.കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് ഫിനോഫ്തലിന്‍ പുരട്ടിയ 6000 രൂപ നല്‍കി.അതുമായി രാവിലെ അപേക്ഷകന്‍ റെയില്‍വെ സ്റ്റേഷനിലെത്തി.വേഷംമാറി വിജിലന്‍സ് ഡിവൈ.എസ്.പിയും ഉദ്യോഗസ്ഥരും സമീപത്തായി നിലയുറപ്പിച്ചു.
ഇതിനിടെ പലതവണ അപേക്ഷകനെ ഫോണില്‍ വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട് താന്‍ പിന്നിടുന്ന റെയില്‍വെ സ്റ്റേഷനുകളുടെ വിവരം മഞ്ജിമ അറിയിച്ചുകൊണ്ടിരുന്നു.
6.29 ന് ട്രെയിന്‍ തലശേരി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ട് അപേക്ഷകനെ സമീപിച്ച് പണം കൈപ്പറ്റിയ ഉടനെ വിജിലന്‍സ് സംഘം മഞ്ജിമയെ പിടികൂടുകയായിരുന്നു.
വൈദ്യപരിശോധനക്ക് വിധേയമാക്കിയ ഇവരെ തലശേരി വിജിലന്‍സ് കോടതിയുടെ ചുമതലയുള്ള തലശേരി അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി നാലില്‍ ഹാജരാക്കി ജനുവരി 6 വരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിത ജയിലില്‍ അടച്ചു.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ടാണ് മഞ്ജിമ.
ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ നിന്ന് ഗൂഗിള്‍പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ അനുഭവപ്പെടുന്ന പക്ഷം കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ 9447 582 440 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ വിവരം നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.



