PAYANGADI WEATHER Sunenergia adIntegra AdAds



പൊക്കിൾ വൃത്തിയാക്കാതെ വിട്ടാൽ ആരോഗ്യത്തിന് ഭീഷണി; അശ്രദ്ധ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കും

 


മനുഷ്യശരീരത്തിലെ ഏറ്റവും അഴുക്ക് അടിഞ്ഞുകൂടുന്ന ഭാഗം വായയോ പിൻഭാഗമോ മാത്രമല്ല; പലരും ശ്രദ്ധിക്കാതെ പോകുന്ന പൊക്കിളുമാണ് എന്നതാണ് ചർമരോഗവിദഗ്‌ധരുടെ മുന്നറിയിപ്പ്.

ബാക്ടീരിയക്കും ഫംഗസുകൾക്കും വളരാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നാണ് പൊക്കിൾ. അതിനാൽ തന്നെ ഇത് വൃത്തിയായി സൂക്ഷിക്കാത്തപക്ഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

എണ്ണ, വിയർപ്പ്, ചർമത്തിലെ മൃതകോശങ്ങൾ, തുണിനാരുകൾ എന്നിവ പൊക്കിളിൽ എളുപ്പത്തിൽ അടിഞ്ഞുകൂടും. പ്രത്യേകിച്ച് ഉള്ളിലേക്ക് കുഴിയുള്ള (innie) പൊക്കിളുള്ളവരിലാണ് ഇത്തരം അവശിഷ്‌ടങ്ങൾ കൂടുതൽ അടിയുന്നത്. ഇതുവഴി വിവിധ അണുബാധകൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും വഴിയൊരുങ്ങും.


അഴുക്കുള്ള പൊക്കിള്‍ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങൾ:


1. ബാക്ടീരിയൽ, ഫംഗൽ അണുബാധകൾ


പൊക്കിൾ ശുചിത്വം പാലിക്കാത്തവരിൽ ഇ-കോളി പോലുള്ള ബാക്ടീരിയകളാൽ അണുബാധയുണ്ടാകാം. യീസ്റ്റ് ഇൻഫക്ഷനും സെബേഷ്യസ് സിസ്റ്റുകളും രൂപപ്പെടാൻ സാധ്യതയുണ്ട്. പൊക്കിൾ തുളച്ച് ആഭരണങ്ങൾ അണിയുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.


2. നാഭിക്കല്ല് 


എണ്ണയും അഴുക്കും മൃതകോശങ്ങളും കാലക്രമേണ കട്ടികൂടി കല്ല് പോലെയുള്ള വസ്തുവായി മാറാം. സാധാരണയായി ഇത് അപകടകരമല്ലെങ്കിലും സ്പർശിക്കുമ്പോൾ അസ്വസ്ഥതയും ചിലപ്പോൾ സ്രവവും ഉണ്ടാകാം.


3. ദുർഗന്ധം


പൊക്കിളിൽ കുടുങ്ങിയ അവശിഷ്‌ടങ്ങളിൽ ബാക്ടീരിയയും ഫംഗസും പ്രവർത്തിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകും. ചുവപ്പ്, വീക്കം, വേദന, സ്രവം അല്ലെങ്കിൽ സ്ഥിരമായ ദുർഗന്ധം അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. പൊക്കിളിനോട് ചേർന്നുള്ള മുഴയോ വീക്കമോ ഹെർണിയയുടെ സൂചനയായിരിക്കാം.


പൊക്കിൾ എങ്ങനെ വൃത്തിയാക്കാം?


പൊക്കിൾ ശുചിത്വം പാലിക്കാൻ അധിക സമയം വേണ്ട. കോട്ടൺ സ്വാബോ ചെറിയ തുണിയോ ചൂടുവെള്ളത്തിൽ മുക്കി പൊക്കിൾ വൃത്തിയാക്കാം. മൃദുവായ സോപ്പ് ഉപയോഗിച്ച് ഉള്ളഭാഗം സാവധാനം കഴുകിയ ശേഷം നന്നായി ഉണക്കണം.


ഈർപ്പം നിലനിൽക്കുന്നത് ഫംഗസ്വളർച്ചയ്ക്ക് കാരണമാകും. അഴുക്ക് കൂടുതലാണെങ്കിൽ കുറച്ച് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. പുറത്തേക്ക് തള്ളി നിൽക്കുന്ന പൊക്കിളുള്ളവർക്ക് സോപ്പും വെള്ളവും മതി.

ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും പൊക്കിൾ വൃത്തിയാക്കണം. വ്യായാമം ചെയ്യുന്നവരും ഇറുകിയ വസ്ത്രം ധരിക്കുന്നവരും വിയർപ്പ് കൂടുതലായതിനാൽ മിക്ക ദിവസങ്ങളിലും ശുചിത്വം പാലിക്കുന്നത് ഉചിതമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.