കണ്ണപുരം : കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ഏതു നിമിഷവും തകർന്നുവീഴാറായ റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ. വർഷങ്ങളായി വികസനമില്ലാതെ കിടക്കുന്ന കണ്ണപുരം റെയിൽവേ സ്റ്റേഷനു മുന്നിലെ കാഴ്ചയാണിത്. റെയിൽവേ ജീവനക്കാർക്ക് താമസിക്കാൻ നിർമിച്ച 6 ക്വാർട്ടേഴ്സ് കെട്ടിടങ്ങളും കാലപ്പഴക്കത്താൽ തകർച്ചഭീഷണി നേരിടുന്നു. മിക്ക കെട്ടിടങ്ങളും ഇടിഞ്ഞുവീഴാറായ നിലയിലാണ്. വർഷങ്ങൾക്കു മുൻപ് റെയിൽവേ ജീവനക്കാർ സ്ഥിരമായി താമസിച്ചിരുന്ന കെട്ടിടങ്ങളാണിവ.
പിന്നീട് അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗശൂന്യമായി. ചുറ്റും കുറ്റിക്കാട് വളർന്ന് ആരും പ്രവേശിക്കാനാകാതെ കിടക്കുന്ന ഇടമായി മാറി. രാത്രിയായാൽ കൂരിരുട്ട് നിറഞ്ഞ പ്രദേശമായതിനാൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാരും ഏറെ ആശങ്കയിലാണ്. റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും ചെറിയ റോഡ് മാത്രമാണുള്ളത്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും ആവശ്യത്തിനു സ്ഥലമില്ല. മിക്ക വാഹനങ്ങളും കെഎസ്ടിപി റോഡരികിൽ അശ്രദ്ധമായി നിർത്തിയിടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
ട്രെയിൻ വന്നാൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡ് ഏറെനേരം കുരുക്കിലാകും. സ്റ്റേഷനു മുന്നിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമായി പ്രത്യേകം റോഡ് നിർമിച്ചാൽ കുരുക്കിൽ നിന്നൊഴിവാകും. ഇതോടൊപ്പം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കൂടുതൽ സ്ഥലസൗകര്യം ലഭിക്കും. കോവിഡ് കാലത്ത് നിർത്തലാക്കിയ 4 പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സ്റ്റേഷൻ വികസനം തടസ്സപ്പെടുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.



