പഴയങ്ങാടി: അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 13 വർഷത്തിനുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തമ്പുരാട്ടിയുടെ പന്തൽമംഗലവുമായി ബന്ധപ്പെട്ട ചെലവുകൾക്കായുള്ള മൂലഭണ്ഡാരം കോയ്മമാർക്ക് ഏൽപ്പിക്കുന്ന പരമ്പരാഗത ചടങ്ങാണ് കളിയാട്ടം ഏൽപ്പിക്കൽ.
ക്ഷേത്രം അടിയന്തിരത്തിൽ തിരുനടയിൽ അരങ്ങേറിനിന്ന തമ്പുരാട്ടിയുടെ പ്രതിപുരുഷന്റെ കൈകളിലേക്ക് അന്തിത്തിരിയൻ മൂലഭണ്ഡാരം സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം മുഖ്യ കോയ്മ ദേവസാന്നിധ്യത്തിൽ താൻ ഈ ചുമതല നിർവഹിക്കുമെന്ന് പ്രതിജ്ഞപ്പെടുത്തി ഭണ്ഡാരം ഏറ്റുവാങ്ങി. പുരാതനകാലം മുതൽ മൂലഭണ്ഡാരത്തോടൊപ്പം മറ്റു കോയ്മമാരെയും കൂട്ടിക്കൊണ്ടാണ് പെരുങ്കളിയാട്ടം നടത്തിവരുന്നത്. ഇവിടെയുള്ള കോയ്മമാർ: മൽത്തിൽ കുപ്പാടക്കത്ത്, ഇടത്തിൽ, ആനപ്പള്ളി, കീപ്പള്ളി. എം.കെ. ശ്രീധരൻ നമ്പ്യാരാണ് ഭണ്ഡാരം ഏറ്റുവാങ്ങിയത്. തുടർന്ന് ഇത് ആഘോഷ കമ്മിറ്റിക്ക് കൈമാറി.
എസ്.എ. ദാമോദരൻ നമ്പ്യാർ, കീപ്പള്ളി രമേശൻ എന്നിവർ ഉൾപ്പെടെ നിരവധി കോയ്മ അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. അകമ്പടിക്കാർ, ആചാരസ്ഥാനികർ, ക്ഷേത്രവാല്യക്കാർ, സമീപ ക്ഷേത്രങ്ങളിലെ ആചാരക്കാർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്നദാനവും നടത്തി.
പെരുങ്കളിയാട്ടം ഓഡിയോ ആൽബം പ്രകാശനം
കാവുണർത്ത് എന്ന പേരിൽ പുറത്തിറങ്ങിയ പെരുങ്കളിയാട്ടം ഓഡിയോ ആൽബം ഗായിക വി.കെ. ശ്രീലക്ഷ്മി പ്രകാശനം ചെയ്തു. ഗാനരചയിതാവ് പ്രദീപ് കക്കറ, സംഗീതം ജയദേവൻ. ഗായകർ — മധു ബാലകൃഷ്ണൻ, ഡോ. ഷാജിമോൻ, ഡോ. രേഷ്മി.
പെരുങ്കളിയാട്ടം ലോഗോ രൂപകല്പന ചെയ്ത രാജേഷ് രാഗ എടാട്ടിനെ ചലച്ചിത്ര അക്കാദമി അവാർഡ് ജേതാവ് ഹരീഷ് മോഹനൻ ഉപഹാരം നൽകി. അനിൽ ഇ.ജി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. എം.കെ. നാരായണൻ, മനോജ് കോമരം, കെ.വി. നാരായണൻ അന്തിത്തിരിയൻ, പി.വി. ജനാർദനൻ, കെ. കൃഷ്ണൻ, കെ.വി. രമേശൻ, കെ. ദാമോദരൻ, വി. സിജു എന്നിവർ സംസാരിച്ചു. ഉദയരാഗം ഉദിനൂർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും അരങ്ങേറി.
ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെയാണ് പെരുങ്കളിയാട്ടം.



