പെരിങ്ങോം(കണ്ണൂർ ): വീട്ടിൽ അതിക്രമിച്ച് കടന്ന് നിസ്ക്‌കരിക്കുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണമാല കവർന്നു. കുറ്റൂർ കോയിപ്രയിലെ എ.പി. പാത്തുമ്മയുടെ (75) സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വീട്ടിൽ വയോധിക മാത്രമാണ് സംഭവ സമയത്തുണ്ടായിരുന്നത്.
നിസ്ക‌്‌കരിക്കുന്നതിനിടയിലാണ് വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പാത്തുമ്മയുടെ പിന്നിലെത്തി ഇവരുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ചെടുത്തത്. നിസ്കാര സമയത്തിട്ടിരുന്ന തട്ടം ഊരിയെടുത്ത് വയോധികയുടെ മുഖം മുഴുവനായും മറച്ചശേഷം മോഷ്ടാവ് രണ്ട് കൈകൊണ്ട് വയോധികയുടെ കഴുത്തു പിടിച്ച് ഞെരിച്ച് നിശബ്ദയാക്കിയിരുന്നു.
കൂടാതെ, വയോധികയുടെ കണ്ണിൽ കുത്തി ഒന്നും കാണാൻ പറ്റാത്ത സാഹചര്യവുമുണ്ടാക്കി. ഇതിന് ശേഷമായിരുന്നു ലോക്കറ്റോടുകൂടിയ രണ്ടര പവനോളം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്. ഇവരുടെ കൈകകളിലുണ്ടായിരുന്ന മൂന്നുവളകളും ഊരിയെടുത്തു. ശാരീരിക അസ്വസ്ഥതയിലായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൈയിലെ മൂന്നു വളകൾ നഷ്ടപ്പെട്ടതായി അറിയുന്നത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



