കണ്ണൂർ : നഗരത്തെ ലഹരിമുക്തമാക്കാനുള്ള എക്സൈസ് വകുപ്പിന്റെ തീവ്രശ്രമങ്ങൾക്കിടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഉജ്ജൽ ദാസ് (33) എന്നയാളെയാണ് 4.780 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്.
കണ്ണൂർ ടൗൺ, താവക്കര ഭാഗങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ കെ. അബ്ദുൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇത്ര വലിയ അളവിൽ കഞ്ചാവ് ജില്ലയിലേക്ക് എത്തിച്ചത് ആർക്കാണെന്നതിനെ കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



