കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊല്‍ക്കത്ത സ്വദേശിനിയെ കൊച്ചിയില്‍ എത്തിച്ച് പണം തട്ടിയെടുത്ത് കശ്മീർ സ്വദേശി മുങ്ങി.
ഇതോടെ ആലുവയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമൻദീപിനെ വിശ്വസിച്ച് കൊച്ചിയില്‍ എത്തിയ 23 കാരി പെരുവഴിയിലായി.
ഏപ്രിലിലാണ് അമൻദീപിനെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് ആലുവയിലേക്ക് വരാൻ യുവാവ് യുവതിയോട് ആവശ്യപ്പെട്ടു. പിന്നാലെ ആലുവയില്‍ ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. നവംബറില്‍ മാതാപിതാക്കള്‍ക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്നും കാര്യം ബോധ്യപ്പെടുത്തി സമ്മതം വാങ്ങിവരാമെന്നും പറഞ്ഞ് യുവാവ് കശ്മീരിലേക്ക് പോയി.യുവതിയെ കൊല്‍ക്കത്തയിലേക്കും തിരിച്ചയച്ചു.
നാട്ടില്‍ എത്തിയതോടെ യുവാവ് തനിനിറം കാട്ടാൻ തുടങ്ങി. വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും ബന്ധത്തില്‍ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ യുവതിയുടെ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിസംബർ 7 ന് കൊച്ചിയില്‍ എത്താമെന്ന് സമ്മതിച്ചു. യുവതി വന്നെങ്കിലും എന്നാല്‍ യുവാവ് എത്തിയില്ല. ഇരുവരും താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റ് പൂട്ടിയാണ് യുവാവ് മുങ്ങിയത്. നാട്ടിലേക്ക് പോകുമ്ബോള്‍ ഫ്ലാറ്റില്‍ യുവതി ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് ഫ്ലാറ്റ് തുറന്നപ്പോള്‍ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന് യുവതിയുടെ പരാതിയില്‍ ആലുവ പൊലീസ് കേസെടുത്തു. നിലവില്‍ ഹോട്ടലിലാണ് യുവതി താമസിക്കുന്നത്. അമൻദീപിന് നിരവധി യുവതികളുമായി ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.



