കാസർകോട് :കൊളക്ക ബയലില്‍ വീട്ടിലെ ഗ്യാസ് അടുപ്പില്‍ നിന്ന് പടർന്ന തീയില്‍ നാല് മുറികളോടുകൂടിയ ഓടുവെച്ച വീട് പൂർണ്ണമായും കത്തി നശിച്ചു.വീട്ടില്‍ താമസിച്ചിരുന്ന ഒൻപതംഗ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് അഗ്നിക്കിരയായത്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പില്‍ നിന്ന് തീ തൊട്ടടുത്ത് വെച്ചിരുന്ന തുണിയിലേക്ക് പടരുകയായിരുന്നു. തീ ആളിക്കത്തുന്നതുകണ്ട് വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.പുഷ്പയും മക്കളായ ജനാർദ്ദനൻ, മോഹനൻ, അവരുടെ ഭാര്യമാർ, മക്കള്‍ എന്നിവരടങ്ങിയ 9 അംഗങ്ങളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അപകടം സംഭവിക്കുമ്ബോള്‍ കുട്ടികള്‍ നാലുപേരും സ്കൂളിലായിരുന്നു. ജനാർദ്ദനൻ കാസർകോട് ഒരു തുണിക്കടയിലും മോഹനൻ ബീബത്തുബയല്‍ സർവീസ് സ്റ്റേഷനിലുമായിരുന്നു ജോലിക്ക് പോയിരുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ഇരുവരും ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തി.
വീട്ടിലെ സാധന സാമഗ്രികള്‍, രണ്ട് സ്റ്റീല്‍ അലമാരയില്‍ വെച്ചിരുന്ന തുണിത്തരങ്ങള്‍, ലോണ്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 15,000 രൂപ, ടിവി, മിക്സി, കട്ടില്‍, കിടക്കകള്‍ എന്നിവയടക്കം പൂർണ്ണമായി കത്തി നശിച്ചു. കൂടാതെ, വീടിന്റെ ആധാരം, സർട്ടിഫിക്കറ്റുകള്‍, റേഷൻ കാർഡ് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും കത്തി നശിച്ചു.
സമീപവാസികള്‍ ഉടൻ തന്നെ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനങ്ങള്‍ സ്ഥലത്തെത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.



