തലശ്ശേരി:ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം ഉൾക്കൊള്ളുന്ന കുറിപ്പിലൂടെ മൂന്നാംക്ലാസ് വിദ്യാർഥി ശ്രദ്ധേയനാകുന്നു. ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ജിയുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായ അൻവിത് വിജേഷ് എഴുതിയ കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് എഴുതാൻ അധ്യാപിക ബീന നൽകിയ നിർദേശത്തെ തുടർന്നാണ് അൻവിത് തന്റെ കുഞ്ഞുവരികളിലൂടെ വലിയ സന്ദേശം പങ്കുവെച്ചത്. “ഭക്ഷണം ഒരിക്കലും പാഴാക്കരുത്. ഗാസയിലും യുക്രൈനിലും ഒരുനേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന കുട്ടികളുണ്ട്” എന്ന ആശയമാണ് കുറിപ്പിലൂടെ അൻവിത് മുന്നോട്ടുവച്ചത്.
കുട്ടിയുടെ ഈ ചിന്താപൂർണമായ കുറിപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു.
വിശപ്പിന്റെ വില മനസ്സിലാക്കുന്ന കുഞ്ഞുമനസിന്റെ വരികൾ ഹൃദയത്തിൽ തൊടുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു.
ആഹാരം അമൂല്യമാണെന്ന് നമ്മൾ പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും, കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിശപ്പിന്റെ അർഥം എങ്ങനെ മനസ്സിലാക്കാമെന്നത് അൻവിന്റെ കൊച്ചുവിരലുകൾ എഴുതിയ വരികൾ വ്യക്തമാക്കുന്നതായി സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന പ്രായത്തിൽ തന്നെ ലോകത്തിന്റെ വലിയ വേദനകൾ തിരിച്ചറിയുന്ന അൻവിനെ സ്പീക്കർ അഭിനന്ദിച്ചു.
കോടിയേരി ഈങ്ങയിൽപ്പീടികയിലെ വി.പി. വിജേഷ് – കെ.സി. നിമിഷ ദമ്പതികളുടെ മകനാണ് അൻവിത്. ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശം പരീക്ഷാ പേപ്പറിൽ എഴുതി ശ്രദ്ധേയനായ ഇതേ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ് നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു.



