കോട്ടയം: അധ്യാപികയെ സ്‌കൂളില്‍ കയറി ആക്രമിച്ച് ഭര്‍ത്താവ്. കോട്ടയം ഏറ്റുമാനൂര്‍ പൂവത്തുംമൂട് സ്‌കൂളില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭര്‍ത്താവ് കൊച്ചുമോന്‍ ആക്രമിച്ചത്. പ്രധാനാധ്യാപികയുടെ മുറിയില്‍വെച്ച് ഡോണിയയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഡോണിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് കൊച്ചുമോന്‍ എത്തിയത്. പ്രധാനാധ്യാപികയുടെ മുറിയിലെത്തിയ കൊച്ചുമോന്‍ ഡോണിയയെ കാണണമെന്ന് ആവശ്യപ്പെട്ടു. പുസ്തകം നല്‍കാനാണ് എത്തിയതെന്നായിരുന്നു കൊച്ചുമോന്‍ പറഞ്ഞത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
രാവിലെ 9.30നും കൊച്ചുമോന്‍ സ്‌കൂളിലെത്തി ഡോണിയയെ അന്വേഷിച്ചിരുന്നു. ഈ സമയത്ത് ഡോണിയ എത്തിയിരുന്നില്ല. ഇക്കാര്യം പ്രധാനാധ്യാപിക കൊച്ചുമോനോട് പറഞ്ഞപ്പോള്‍ തിരിച്ചു പോയി 10.30 ഓടെ വീണ്ടും എത്തുകയായിരുന്നു.
10.30 ന് പ്രധാനാധ്യാപികയുടെ മുറിയിലെത്തിയ കൊച്ചുമോനോട് ഡോണിയ ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. ഒരു കാര്യം പറയാനാണെന്ന് അറിയിച്ചപ്പോള്‍ അധ്യാപികയെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ചായിരുന്നു ആക്രമിച്ചത്. ഡോണിയയുടെ കരച്ചില്‍ കേട്ടാണ് മറ്റ് അധ്യാപകര്‍ എത്തിയത്.
ആക്രമിച്ച ശേഷം കൊച്ചുമോന്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൊച്ചുമോന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.



