കണ്ണൂർ: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 8 മണി മുതൽ സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തൽ.
ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഫലങ്ങളാണ് ആദ്യം പുറത്തുവരിക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തല കേന്ദ്രങ്ങളിലായിരിക്കും നടക്കുക. മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും അതത് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
വാർഡുകളുടെ ക്രമനമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ പുരോഗമിക്കുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2.10 കോടിയിലധികം വോട്ടർമാരാണ് ഇത്തവണ ജനവിധി രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനത്തോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.



