തിരുവനന്തപുരം: സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ ചോര്‍ന്നു. ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അന്വേഷണത്തിനുശേഷം പരാതി അറിയിക്കാമെന്ന് കെഎസ്എഫ്‍ഡി എംഡി അറിയിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചത്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തിയറ്ററിലെത്തിയ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായകാര്യമായിട്ടാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോണ്‍ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കെഎസ്‍എഫ്‍ഡിസുടെ ലോഗയടക്കമുണ്ട്.



