തൃശൂര്‍: തൃശൂർ ചേലക്കര ഉദുവടിയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 7.15 ഓടെയാണ് അപകടമുണ്ടായത്.
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. ചേലക്കര ഉദുവടിയിൽ തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.



