പിണറായിയിലെ സ്ഫോടനം റീൽസ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിപിൻ രാജിന്റെ കൈയിലിരുന്ന് സ്ഫോടക വസ്തു പൊട്ടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കണ്ണൂർ പിണറായി കനാൽക്കരയിലാണ് സംഭവം. നാടൻ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകർന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.
തുടർന്ന് സിപിഐഎം പ്രവർത്തകനായ വിപിൻ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉൾപ്പെടെ ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്ഫോടനത്തെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു.
വിപിൻ രാജിൻ്റെ സുഹൃത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയത്. റീൽസ് ചിത്രീകരിക്കുമ്പോഴാണ് സ്ഫോടക വസ്തു വിപിന്റെ കൈയിലിരുന്ന് പൊട്ടിയതെന്ന് ദൃശ്യം തെളിയിക്കുന്നുണ്ട്. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. നിലവിൽ വിപിൻ രാജ് ആശുപത്രിയിൽ ചികിത്സയിലാണ്.



