പഴയങ്ങാടി: സുൽത്താൻ തോടിൽ നിന്നും പയ്യാമ്പലം വരെ സാഹസിക കയാക്കിങ് യാത്രയ്ക്ക് ഒരുങ്ങി എണ്ടിയിൽ റഫീഖ്. ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ, ശാരീരിക വെല്ലുവിളികൾക്ക് മുന്നിൽ തോൽക്കാതെ സാഹസികതയും ആത്മവിശ്വാസവും കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് കണ്ണൂർ പുതിയങ്ങാടി സ്വദേശി എണ്ടിയിൽ റഫീഖ്. മുട്ടിന് താഴെ ശോഷിച്ച കാലുകളുമായിട്ടാണ് റഫീഖിന്റെ ജീവിതം.
ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിച്ചപ്പോൾ ഫിറ്റ്നസ്സിന്റെ പേരിൽ തടഞ്ഞുവെച്ച അധികൃതരുടെ മുന്നിൽ കാറും ബൈക്കും ഓടിച്ച് ലൈസൻസ് നേടിയ ഇദ്ദേഹം റോക്ക് ക്ലൈമ്പിംഗ്, പാരാഗ്ലൈഡിംഗ്, പാരാസെയിലിംഗ് കൺട്രോളർ തുടങ്ങിയ സാഹസിക പരിശീലനങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, നാട്ടിൽ തുടങ്ങിയ മലബാർ അഡ്വഞ്ചർ എന്ന കയാക്കിംഗ് ടൂറിസം സംരംഭത്തിന് പുതിയ നിയമങ്ങൾ വന്നപ്പോൾ, കയാക്കിംഗ് പരിശീലനത്തിനായി അപേക്ഷിച്ച റഫീഖിന് വീണ്ടും ഭിന്നശേഷിക്കാരൻ എന്ന പേരിൽ വിലക്ക് നേരിട്ടു. ഈ നീതിനിഷേധത്തിൽ പ്രതിഷേധിച്ചുകൊണ്ട്, ഡിസംബർ 2-ന്, പഴയങ്ങാടിയിലെ സുൽത്താൻ തോടിൽ നിന്ന് തുടങ്ങി അഴീക്കൽ വഴി കടലിൽ കയറി പയ്യാമ്പലം ബീച്ച് വരെ ഒരു കയാക്കിംഗ് യാത്രയ്ക്ക് ഒരുങ്ങുകയാണ് റഫീഖ്.
രാവിലെ 9 മണിക്ക് വാടിക്കൽ കടവിൽ നിന്ന് യാത്ര ആരംഭിക്കും.ഭിന്നശേഷിക്കാരെ കഴിവില്ലാത്തവരുടെ ഗണത്തിൽ പെടുത്തി അയോഗ്യരാക്കരുത് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ യാത്രയ്ക്ക് ഭാര്യ ജാസ്മിനും, കയാക്കിംഗ് താരമായ മകൾ സ്വാലിഹ ഉൾപ്പെടെയുള്ള മക്കളും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.



