PAYANGADI WEATHER Sunenergia adIntegra AdAds



അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ; പ്രതി മാർട്ടിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യത

 


എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ മാർട്ടിനെതിരെ ഇന്ന് പൊലീസ് കേസെടുക്കാൻ സാധ്യത.

മാർട്ടിൻ തന്നെയാണ് വിവാദ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ദിലീപിന് കേസിൽ പങ്കില്ലെന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട അതിജീവിത, നിരന്തരമായ വേദനയും മാനസിക സംഘർഷവും അനുഭവിച്ച ശേഷവും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന ആശങ്ക അറിയിച്ചു.

കേരളം അതിജീവിതയ്ക്കൊപ്പം ഉണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. അതോടൊപ്പം, അതിജീവിതയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച മാർട്ടിനെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.