കാസര്‍കോട്:റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു.കുടക് സ്വദേശിയായ രാജേഷ് (35) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.
മംഗലാപുരം – കോയമ്ബത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു രാജേഷ്. കാസർകോട് സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങിയ ശേഷം പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുമ്ബോഴാണ് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇദ്ദേഹത്തെ ഇടിച്ചത്.
അപകടത്തിൻ്റെ ആഘാതത്തില്‍ രാജേഷിൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൻ്റെ അടിയില്‍ കുടുങ്ങിപ്പോയിരുന്നു. അപകടവിവരം അറിഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍, തൊട്ടടുത്ത സ്റ്റേഷനായ കുമ്ബളയില്‍ ട്രെയിൻ നിർത്തിയാണ് കുടുങ്ങിക്കിടന്ന ശരീരഭാഗം കണ്ടെടുത്തത്.
നിലവില്‍ മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



