ന്യൂ മാഹി:പെരിങ്ങാടി റോഡിലുള്ള 'മലയാള കലാഗ്രാമം' ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥാപനത്തിനുള്ളിലെ ശുചിമുറിക്ക് പുറത്ത് സംശയകരമായ രീതിയിൽ ഇയാളെ കണ്ടെത്തിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധപ്പെട്ടവർ ന്യൂ മാഹി പൊലീസിൽ പരാതി നൽകി.
തുടർന്ന് ഭാരതീയ ന്യായ സംഹിത 2023-ലെ 77-ാം വകുപ്പ്, കേരള പൊലീസ് ആക്ട് 2011-ലെ 119(b) വകുപ്പ് പ്രകാരം സ്ത്രീകളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന തരത്തിൽ ഫോട്ടോ/വിഡിയോ പകർത്തി എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ ആരോപണ വിധേയനായ യുവാവിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഓഫിസ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. സ്വകാര്യതയെ ലംഘിക്കുന്ന സംഭവമായതിനാൽ നിയമനടപടികൾ കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.



