പാലക്കാട്: ആള്‍മാറാട്ടം നടത്തി യുവാവില്‍നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് (35) പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് കൊച്ചിയില്‍ നിന്നും പിടികൂടിയത്. മനിശ്ശീരിമനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. താന്‍ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് പാലക്കാട് കാവില്‍പ്പാട്ടെ സ്വദേശിയായ പൂജാരിയില്‍നിന്നാണ് പണം തട്ടിയത്.
2023ല്‍ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ രണ്ടുവര്‍ഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തില്‍ എറണാകുളത്തെ ഷോപ്പിങ് മാളില്‍നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റുചെയ്യുന്ന സമയത്ത് യുവതിയുടെ പക്കല്‍ ഒരുലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. പൂജാരിയില്‍നിന്ന് പണംതട്ടിയ കേസില്‍ യുവതിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാംപ്രതി അമ്പലപ്പുഴ നീര്‍ക്കുന്നം ശ്യാം നിവാസില്‍ ശ്യാം സന്തോഷ് (33) ഉള്‍പ്പെടെ എട്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലാണ്. യുവതിക്കൊപ്പം ജീവിച്ചിരുന്ന ശ്യാമിന്റെ ഫോണില്‍നിന്നാണ് മുബീന ഒളിവിലുള്ള സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്.
ഒന്‍പതാംക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള മുബീന 2022-ലാണ് പാലക്കാട് കാവില്‍പ്പാട്ടെ ക്ഷേത്രത്തില്‍ പൂജാരിയായ യുവാവിനെ പരിചയപ്പെടുന്നത്. മനിശ്ശീരിമനയിലെ ബ്രഹ്‌മദത്തന്‍നമ്പൂതിരിപ്പാടിന്റെ ഏകമകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനാണെന്ന് സ്വയം പരിചയപ്പെടുത്തി. കോടികളുടെ ഏക അവകാശിയാണന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തറവാട്ടില്‍ ആണവകാശികളില്ല. അതിനാല്‍, സ്വത്ത് ഭാഗംവെച്ച് നല്‍കാന്‍ നിങ്ങളെ ദത്തെടുക്കാന്‍ തയ്യാറാണെന്നും മുബീന യുവാവിനെ അറിയിച്ചു. ഇക്കാര്യം സ്റ്റാമ്പ് പേപ്പറില്‍ എഴുതിനല്‍കുകയും ചെയ്തു. ഇങ്ങനെ പലകാര്യങ്ങളിലും വിശ്വാസമുണ്ടാക്കിയതോടെ, ഒരുവര്‍ഷത്തോളം ഇരുവരും തമ്മില്‍ സൗഹൃദം തുടര്‍ന്നു. ജോലിക്കാര്യം വിശ്വസിപ്പിക്കാനായി യുവാവിനെ ഇടയ്ക്കിടെ ജില്ലാ ആശുപത്രിയിലേക്കും മുബീന വിളിച്ചുവരുത്തി. യുവാവ് വരുന്ന സമയത്ത് മുബീന സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടില്‍ പെരുമാറി. ഇതിനായി പ്രതിയുടെതന്നെ സഹായികളെ കൂടെനിര്‍ത്തി സംസാരിച്ചു. ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോര്‍ച്ചറിയിലുംവെച്ച് പലതവണ കണ്ടതിനാല്‍ യുവാവിന് സംശയം തോന്നിയില്ല. ഇതുമുതലെടുത്താണ് മുബീന തട്ടിപ്പിന് ശ്രമം ആരംഭിച്ചത്. ഐവിഎഫ് ചികിത്സ നല്‍കാനായി പാലക്കാട് പട്ടണത്തില്‍ താന്‍ ആശുപത്രി തുടങ്ങുന്നുണ്ടെന്നും പാര്‍ട്ണറാക്കാമെന്നും യുവാവിനോടു പറഞ്ഞു. യുവാവ് ആശുപത്രിനിര്‍മാണത്തിന് പലതവണയായി 68 ലക്ഷം രൂപയോളം കൈമാറുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. മുബീനയുടെ പേരില്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനുകളിലും സാമ്പത്തികത്തട്ടിപ്പുകേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു.



