തിരുവനന്തപുരം:വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമിലെ "അടുത്ത ബന്ധുക്കൾ' എന്ന കോളത്തിൽ മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ എന്നിവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്ന് പുതിയ നിർദേശം. ഫോം വിതരണം ചെയ്‌ത് 19-ാം ദിവസമായ ശനിയാഴ്‌ചയാണ് കോളത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ കാര്യത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വ്യക്തത വരുത്തിയത്.
നേരത്തെ ഈ കോളത്തിൽ അടുത്ത ബന്ധുക്കളായ ആരെ വേണമെങ്കിലും ചേർക്കാമെന്നായിരുന്നു ഭൂരിഭാഗം ബിഎൽഒമാരും അറിയിച്ചത്. ഇതുപ്രകാരം സഹോദരങ്ങളുടെയും പങ്കാളിയുടെയും മറ്റും വിവരങ്ങൾ പൂരിപ്പിച്ചവർ ആശങ്കയിലായി. ഇതിൽ തിരുത്തൽ എങ്ങനെ യാവണമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.ഫോമിലെ രണ്ടാം കോളത്തിലാണ് വിവരങ്ങൾ ചേർക്കേണ്ടത്. 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ ഹാജരാക്കാതെ ബന്ധുക്കളുമായി ലിങ്ക് ചെയ്യാനാകുന്ന ഏക കോളമാണിത്.
ഡിജിറ്റൈസ് ചെയ്യുന്പോൾ ആപ്പിലെ ഓപ്ഷനിൽ, ബന്ധുവിനെ തെരഞ്ഞെടുക്കാൻ മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ എന്നീ ഓപ്ഷൻ മാത്രമാണുള്ളത്. ആപ്പിൽ മാറ്റം വരുത്തിയില്ലെങ്കിൽ 2002ലെ പട്ടികയിൽ ബന്ധുക്കളില്ലെന്ന രീതിയിൽത്തന്നെ ഫോം ഡിജിറ്റൈസ് ചെയ്യേണ്ടിവരും. ഇതോടെ ലക്ഷക്കണക്കിനാളുകൾ രേഖകൾ ഹാജരാക്കേണ്ടിവരും. ഫോം പൂരിപ്പിക്കാതെ ഒപ്പിട്ടുനൽകിയാലും കരട് വോട്ടർപട്ടികയിൽ ഉണ്ടാകുമെന്ന സിഇഒയുടെ വാദത്തിലും ആശങ്കയുണ്ട്.
1.64 ലക്ഷം പേർ 'കണ്ടെത്താൻ കഴിയാത്തവർ'
സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പുനഃപരിശോധന പുരോഗമിക്കുമ്പോൾ 'കണ്ടെത്താൻ കഴിയാത്തവരുടെ' എണ്ണം 1.64 ലക്ഷം. ഞായർ വൈകിട്ടുവരെയുള്ള റിപ്പോർട്ടാണിത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ആൾറെഡി എൻറോൾഡ് എന്ന് അറിയിച്ചവർ, മറ്റുള്ളവർ എന്ന വിഭാഗത്തിലാണ് ബിഎൽഒമാർ ഇവരെ ഉൾപ്പെടുത്തുന്നത്. ഡിസംബർ നാലിനകം മുഴുവൻ കണക്കും ലഭിച്ചശേഷം ഇവരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കും.
ഇക്കൂട്ടത്തിൽ വോട്ടവകാശത്തിന് അർഹതയുള്ള ആരെങ്കിലുമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.ബിഎൽഒ-ബിഎൽഎ യോഗംചേർന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലയിടത്തും നടപ്പാകുന്നില്ല. 51,38, 838 ഫോമാണ് ഇതിനകം ഡിജിറ്റൈസ് ചെയ്‌തത്. ഓൺലൈനായി 53,254 ഫോം സമർപ്പിച്ചു.



