തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പോലീസ് ക്ലീയറൻസ് നിർബന്ധമാക്കിയുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് കൂടുതൽ കർശനമായി നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്‌ടർ എന്നിവർക്ക് ലൈസൻസും, ഡ്രൈവർ, കണ്ടക്‌ടർ, ക്ലീനർ എന്നീ മൂന്ന് ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നിർദേശം പാലിക്കാത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കാനാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെയും സർക്കാരിൻ്റെയും തീരുമാനമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് വ്യവസായം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിന് ജീവനക്കാരുടെ നല്ല പെരുമാറ്റവും അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നടപടികളും പരിശോധനയും കർശനമായിരിക്കുമെന്നുമാണ് മന്ത്രി നൽകുന്ന മുന്നറിയിപ്പ്.
ഗുരുതരമായ കേസുകൾ ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വർഷത്തിൽ ഒരിക്കൽ മാത്രം വാങ്ങിയാൽ മതി. കൊലക്കുറ്റം, സ്ത്രീകൾക്കെതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മദ്യ വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസ് ഉള്ളവരെ മാത്രമാണ് ജോലിയിൽ നിന്ന് വിലക്കുന്നത്. അല്ലാതെ കുടുംബ വഴക്ക്, മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയൊടുക്കേണ്ടി വന്ന സംഭവം തുടങ്ങിയ സിവിൽ കേസുകൾ ഉള്ളവരുടെയൊന്നും തൊഴിൽ നിഷേധിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകുന്നു.
തൊഴിലാളികളെയാണ് ബസ് ഉടമകൾക്ക് ആവശ്യം. അല്ലാതെ ഗുണ്ടകളെയല്ല. നിങ്ങളുടെ ബസ് മാന്യമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന ജീവനക്കാരെയാണ് ആവശ്യം. അല്ലാതെ രണ്ട് ബസുകൾ തമ്മിൽ മത്സരയോട്ടം ഉണ്ടാകുമ്പോഴും വിദ്യാർഥികളോടുള്ള പ്രശ്‌നത്തിൻ്റെ പേരിലും യുദ്ധം ചെയ്യാനിറങ്ങുന്ന ഗുണ്ടകളെയല്ല നിങ്ങൾക്ക് ആവശ്യമെന്നും അവരെയല്ല തൊഴിൽ നൽകി സഹായിക്കേണ്ടതെന്നും മന്ത്രി ബസ് ഉടമകളോടും പറയുന്നു.
ഡ്രൈവർമാർ, കണ്ടക്‌ടർമാർ, ഡോർ അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാർക്ക് 12 തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആണ് നിർബന്ധമാക്കിയിരുന്നത്. ബസിലെ ജീവനക്കാരൻ മാറുകയാണെങ്കിൽ ആർടിഒയെ അറിയിക്കണം. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇത് ഇടയ്ക്കിടെ പരിശോധന നടത്തും. വകുപ്പിന് കൈമാറിയ ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടാത്തവർ ജോലിചെയ്യുന്നുണ്ടെങ്കിൽ നോട്ടീസ് നൽകുകയും ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദേശപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്ന് അധിക്യതർ അറിയിച്ചിരുന്നു.



