പാലക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്‌പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണമുള്ളത്. അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
രണ്ടാഴ്ച മുമ്പ് ചെർപ്പുളശ്ശേരിയിൽ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് വെളിപ്പെടുത്തൽ. 2014ൽ സിഐ ആയിരിക്കെ അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാൻ നിർബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവർത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്ഐയും എൻ.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.
പൊലീസ് ക്വാർട്ടേഴ്‌സിലാണ് ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയിൽ പോയതിന് ശേഷം കാണാതായതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.



