കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 455 ബൂത്തുകളിൽ പ്രശ്നസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി. അതിസുരക്ഷാ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ ബാരിക്കേഡ് കെട്ടി അർധസൈന്യത്തെ വിന്ന്യസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കള്ളവോട്ടും സംഘർഷവും തടയാൻ കൂടുതൽ പോലീസിനെ നിയമിക്കും. സംസ്ഥാനത്ത് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം മറ്റ് ജില്ലകളിൽനിന്നും പോലീസിനെ ജില്ലയിൽ എത്തിക്കാനും തീരുമാനമുണ്ട്.
കള്ളവോട്ടുകൾ, സമ്മർദംചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന പ്രശ്നബാധിത ബൂത്തുകൾ ജില്ലയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ, ഒരു സ്ഥാനാർഥിക്കുതന്നെ പോൾ ചെയ്യുന്ന വോട്ടുകളുടെ ഭൂരിഭാഗം വോട്ടുകൾ ലഭിക്കുന്ന ബൂത്തുകളിലും ഇത്തവണ കർശന നിരീക്ഷണം ഏർപ്പെടുത്തും.



