ശബരിമല: വഴിപാടിനുള്ള തേൻ ശബരിമലയിലെത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്നു നിർദേശിച്ചു. കരാറുകാരനു കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ, പരിശോധനയിൽ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്‌ടാഭിഷേകത്തിനും ഗണപതിഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.



