എടച്ചേരി(കോഴിക്കോട്): ബംഗളൂരുവിനടുത്ത് ഹൊസൂരിൽ കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ മരിച്ച എടച്ചേരി കാക്കന്നൂർ കാര്യാട്ട് സായൂജിന് (28) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്‌കരിച്ചു. അപകടത്തിൽ കോഴിക്കോട് മാറാട് കാഞ്ചി നിലയത്തിൽ മഹേഷ് കുമാർ-രാജലക്ഷ്മി ദമ്പതികളുടെ മകൻ വിജയരാജ് (28) ഉം ജീവൻ നഷ്ടമായിരുന്നു.
ബംഗളൂരു ടാറ്റ ഇലക്ട്രോണിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന സായൂജ്. മാറാട് സ്വദേശിയായ സുഹൃത്ത് വിജയരാജിനൊപ്പം തിങ്കളാഴ്ച പുലർച്ചെ ഹൊസൂർ സിപ്കോട്ട് വ്യവസായ മേഖലയിൽ നിർമാണത്തിലുള്ള പുതിയ പാലത്തിന് സമീപത്ത് കൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞ് സായൂജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന വിജയരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച സായൂജിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറ് കണക്കിനാളുകളെത്തി. മാസങ്ങൾക്ക് മുമ്പായിരുന്നു സായൂജിന്റെ വിവാഹം.
ഭാര്യ: ശ്രീലക്ഷ്മി. പിതാവ്: ഗംഗാധരൻ. മാതാവ്: ഇന്ദിര