ഇരിട്ടി ( കണ്ണൂർ ) : സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞുപോയെന്നും സൗന്ദര്യമില്ലെന്നും ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടിൽ പീഡനമെന്ന് പരാതി. ചെറുവത്തൂർ പെരുമ്പട്ട സ്വദേശി നീതുവിന്റെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ കരിക്കോട്ടക്കരി പൊലീസ് കേസെടുത്തു. ഭർത്താവ് ലിന്റ് ടോമി, ലിന്റിന്റെ പിതാവ് ടോമി, അമ്മ ലില്ലി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഭർതൃവീട്ടിൽനിന്നു മാറിത്താമസിച്ചിട്ടും ഭർത്താവിന്റെ ഉപദ്രവം തുടർന്നു. ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും ബഹളമുണ്ടാക്കി. 2021ലാണ് ഇവർ വിവാഹിതരായത്. അന്നുമുതൽ പ്രശ്നങ്ങളായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിനിരയായ വിവരം നീതു സഹോദരനോട് വിവരിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. തനിക്ക് അവിഹിതമുണ്ടെന്നാണ് ഭർത്താവ് പറയുന്നത്. കുരങ്ങച്ചിയെപ്പോലെയാണെന്ന അധിക്ഷേപങ്ങളാണ് നടത്തുന്നത്. ഭക്ഷണം പോലും കിട്ടാറില്ല. മർദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. കൊന്നുകെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഇവർക്ക് രണ്ട് വയസ്സുപ്രായമുള്ള കുട്ടിയുണ്ട്. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി പറഞ്ഞയക്കുകയായിരുന്നു. എന്നാൽ വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.


