പാപ്പിനിശ്ശേരി:ലോകത്തിലെ വേഗമേറിയ മജിഷ്യൻ എന്ന അംഗീകാരം നേടിയ പാപ്പിനിശ്ശേരിയിലെ ആൽവിൻ റോഷൻ (32) അഞ്ചാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി കരസ്ഥമാക്കി. ഒരു മിനിറ്റിൽ 21 തവണ മേശപ്പുറത്തെ സൺഗ്ലാസ് കൈകൊണ്ടു തൊടാതെ മറിച്ചിടുന്ന മാജിക് ഇനത്തിനാണു പുതിയ ഗിന്നസ് റെക്കോർഡ് ലഭിച്ചത്. മൈൻഡ് കൺട്രോൾ ഇലൂഷൻ ഇനത്തിൽ അമേരിക്കൻ മജിഷ്യൻ ബെൻ ഹാൻലിന്റെ പേരിലുള്ള റെക്കോർഡാണു മറികടന്നത്. ഒരു ഇന്ത്യൻ മജിഷ്യൻ നേട്ടം കൈവരിക്കുന്ന വിഡിയോ ഇതാദ്യമായാണു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫിഷ്യൽ മാധ്യമങ്ങളിലൂടെ പങ്കിടുന്നത്.
മാന്ത്രികരംഗത്തു രാജ്യത്ത് ഏറ്റവുമധികം വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടുന്ന വ്യക്തിയാണ്. എട്ടാം വയസ്സിലാണ് ആൽവിൻ ഈ രംഗത്തെത്തുന്നത്. 2007ൽ മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ചേർന്നു പഠനം നടത്തി. മെന്റലിസ്‌റ്റ് എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ മാജിക് പ്രദർശനം 2000 വേദികൾ പിന്നിട്ടു. മലയാളി മജിഷ്യൻ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. പാപ്പിനിശ്ശേരി ഹാജിറോഡിനു സമീപം റോഷ്ന വില്ലയിൽ സോളമൻ ഡേവിഡ് മാർക്കിന്റെയും അനിതയുടെയും മകനാണ്. ഭാര്യ: പമിത.


