എപ്പോഴും ദാഹം തോന്നുന്നുണ്ടോ. വെറുതെ വെള്ളം കുടിച്ച് അവഗണിക്കാൻ വരട്ടെ. ചിലപ്പോഴത് പ്രമേഹത്തിന്റെ ലക്ഷണമാകാം. പ്രമേഹം ഇപ്പോൾ ജീവിതത്തിലെ ഒരു സാധാരണ രോഗമായി മാറി. എന്നാൽ കൃത്യമായി തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ ഇത് വില്ലനാകും.
പ്രമേഹമുള്ള പലരും തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് അറിയാതെയും ചികിൽസിക്കാതെയും തുടരുകയാണ്. എന്നാൽ വളരെ എളുപ്പത്തിൽ തിരിച്ചറിയാവുന്ന പല ലക്ഷണങ്ങളും പ്രമേഹത്തിനുണ്ട്. അതിലൊന്നാണ് അമിതമായ ദാഹം. എപ്പോഴും ദാഹം തോന്നുന്നതും, കണ്ണിലെ കാഴ്ച മങ്ങുന്നതുമെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
പ്രമേഹം കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ അത് വൃക്കകളെയും കരളിന്റെയും ഹൃദയത്തെയും വരെ മാരകമായി ബാധിച്ചേക്കാം. സ്ട്രോക്ക്, നാഡികൾക്ക് തകരാർ, കാഴ്ച മങ്ങൽ എന്നിവയും പ്രമേഹം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗം ശരിയായ ഭക്ഷണക്രമം പാലിക്കുക എന്നതാണ്. നാരുകളടങ്ങിയ പച്ചക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹമുള്ളവർക്ക് നല്ലതാണ്.
കൃത്യമായ വ്യായാമവും ഭക്ഷണക്രമവും മാത്രം കൊണ്ട് ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. യുവാക്കളാണ് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയാത്ത വലിയൊരു വിഭാഗവും. വ്യായാമവും ശരിയായ ഭക്ഷണക്രമവും പാലിച്ചാൽ പ്രമേഹം വരാതെ സൂക്ഷിക്കാനും സാധിക്കും.