പാപ്പിനിശ്ശേരി ∙ അരോളിയിൽ പ്രത്യേക ഇനം പ്രാണിശല്യം രൂക്ഷം. ഇവ കൃഷിയിടത്തിൽ നിന്നു വീടുകളിലേക്ക് അതിക്രമിച്ചു കയറാൻ തുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലായി. അരോളി ശാന്തിപ്രഭ കലാസമിതിക്കു സമീപം വയലിനോടു ചേർന്ന വീട്ടുകാർക്കാണ് ഏറെ ദുരിതം. പകൽ നല്ല വെയിൽ വരുമ്പോഴാണ് പ്രാണികളുടെ ശല്യം കൂടുതലാകുന്നത്. ബ്രൗൺ നിറത്തിലുള്ള സ്റ്റിങ്ക് ബഗ് ഇനത്തിൽപെടുന്ന പ്രാണികളാണിവ. ഇവയ്ക്ക് രൂക്ഷഗന്ധമാണ്. ശരീരത്തിൽതൊട്ടാൽഅലർജിയുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.
വയലിലെ കാട്ടുചേമ്പ് ചെടിയുടെ ഇലയിലാണ് ആദ്യം ഇവയെ കൂട്ടത്തോടെ കണ്ടെത്തിയത്. വിളകളിൽ വലിയ നാശം വരുത്തിയിട്ടില്ല.പിന്നീട് വീടുകളോടു ചേർന്നുള്ള ചെടികളിലും മരക്കൊമ്പുകളിലും പറ്റിച്ചേർന്നു പെട്ടെന്നു പെരുകിയ നിലയിൽ കണ്ടെത്തി.കഴിഞ്ഞ 3 ദിവസമായി വയലിൽ നിന്നും വീടുകളുടെ ഭിത്തികളിലേക്കും വ്യാപിച്ച നിലയിലാണുള്ളത്. മിക്ക വീടുകളും പകൽനേരം വാതിൽ തുറക്കാൻ പറ്റാത്ത നിലയിലാണ്. പാപ്പിനിശ്ശേരി കൃഷി ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ച്ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. വീടുകളോടു ചേർന്ന സ്ഥലമായതിനാൽ പ്രാണികളെ പെട്ടെന്നു നശിപ്പിക്കാൻശക്തമായ കീടനാശിനി ഉപയോഗിക്കാൻ സാധിക്കുകയുമില്ല.