ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനുമിടയിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഈ ഭാഗങ്ങളിൽ ദേശീയപാതയുടെയും വളപട്ടണം പാലത്തിന്റെയും തകർച്ചയും കുഴികളും വൺവേയിൽ നിയമം പാലിക്കാതെ ബസ്സുകളുടെ യാത്രയുമാണ് കുരുക്ക് ഭീഷണിയായത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി പാതയിൽ പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കുറുകളോളം നീണ്ടുനിന്നു. ഉച്ചയോടെയാണ് ശമനമുണ്ടായത്. പുതിയതെരുവിനും പാപ്പിനിശ്ശേരിക്കും ഇടയിൽ വരുത്തിയ ഗതാഗതപരിഷ്കാരം വളരെയധികം ഫലംചെയ്‌തിരുന്നു. അതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചില ബസ്സുൾപ്പടെയുള്ള വലിയ വാഹനങ്ങൾ നിരതെറ്റിക്കയറുന്നതും ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.