ആലപ്പുഴ: സ്കൂളില്‍ എത്താത്തതിനാല്‍ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോള്‍ പ്രഥമാധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴയില്‍ എല്‍പി സ്കൂളിലെ പ്രഥമാധ്യാപകനായ വി. സന്തോഷ് ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. യു പി സ്കൂളിലെ പ്രഥമാധ്യാപകനും കെഎസ്ടിഎ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു. ടൗണ്‍ എല്‍പി സ്കൂളിന് കിഴക്കുള്ള വാടക കെട്ടിടത്തിനുള്ളിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു.
തിങ്കളാഴ്ച സന്തോഷ് സ്കൂളില്‍ എത്തിയിരുന്നില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ സഹഅധ്യാപകര്‍ വൈകിട്ട് മൂന്ന് മണിയോടെ സന്തോഷിന്‍റെ താമസസ്ഥലത്ത് എത്തി. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനല്‍ തുറന്നു നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന അവസ്ഥയില്‍ സന്തോഷിനെ കണ്ടു. ഉടന്‍തന്നെ വാതില്‍പൊളിച്ചു അകത്തുകടന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചേര്‍ത്തല പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.