ആലപ്പുഴ: സപ്ലൈകോയില്‍നിന്ന് സെപ്റ്റംബർ മാസത്തെ സാധനങ്ങളും ഈ മാസം വാങ്ങാം. ഓണം പ്രമാണിച്ചാണ് ഈ സൗകര്യം. തിങ്കളാഴ്ച ഇതു നിലവില്‍ വന്നു.
ഓണച്ചന്തയ്ക്കു പുറമേ മറ്റു വില്‍പ്പന കേന്ദ്രങ്ങളിലും ഇതു ബാധകമാണ്.പഞ്ചസാര, ചെറുപയർ, വൻപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, കടല, മല്ലി, മുളക്, വെളിച്ചെണ്ണ, ജയ അരി, മട്ട അരി, പച്ചരി എന്നിവയാണ് സബ്സിഡിനിരക്കില്‍ നല്‍കുന്നത്. ഇവ രണ്ടുമാസത്തെയും ഒന്നിച്ചു വാങ്ങാനാണ് അവസരം. ഇതില്‍ അരി മാസാദ്യം അഞ്ചുകിലോയും 15-നുശേഷം അഞ്ചുകിലോയുമാണ് നല്‍കിയിരുന്നത്. പുതിയ തീരുമാനം വന്നതോടെ ഈ മാസം 10 കിലോയും അടുത്തമാസം 10 കിലോയുമെന്ന നിരക്കില്‍ വാങ്ങാം. പച്ചരിയുംകൂടി ചേർത്താണിത്. പച്ചരി വേണ്ടാത്തവർക്ക് എട്ടുകിലോയേ നല്‍കൂ.
സബ്സിഡിനിരക്കില്‍ നല്‍കുന്ന വെളിച്ചെണ്ണവില 349 രൂപയില്‍നിന്ന് 339 ആയി കുറച്ചു. സബ്സിഡിയില്ലാത്ത ശബരി വെളിച്ചെണ്ണ 429-ല്‍നിന്ന് 389 ആയും കുറച്ചു.
സപ്ലൈകോ ജില്ലാതല ഓണച്ചന്ത ആലപ്പുഴ ജില്ലാക്കോടതി പാലത്തിനു പടിഞ്ഞാറുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളില്‍ തുടങ്ങി. ഇതിനൊപ്പംതന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുത്ത സപ്ലൈകോ വില്‍പ്പനകേന്ദ്രങ്ങളോടു ചേർന്ന് ഓണച്ചന്തയുണ്ട്. സഞ്ചരിക്കുന്ന ചന്തകളും തിങ്കളാഴ്ചമുതല്‍ പ്രവർത്തനം തുടങ്ങി. ഗിഫ്റ്റ് കൂപ്പണുകളും സിഗ്നേച്ചർ കിറ്റുകളും സപ്ലൈകോയിലൂടെ ലഭിക്കും.