ഇരിക്കൂറിലെ വീട്ടില്‍ നടന്ന മോഷണത്തിന് ശേഷം ലോഡ്ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലീസ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിലെ പുള്ളിവേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിനു സമീപം കെ.സി.സുമയുടെ മകന്‍ സുഭാഷിന്റെ ഭാര്യ ദര്‍ശിതയെ (23) ആണ് കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ ഞായറാഴ്ച വൈകീട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ ദര്‍ശിതയുടെ ആണ്‍സുഹൃത്ത് കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ (28) സാലിഗ്രാമം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇരിക്കൂറിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് 40 പവനും അഞ്ച് ലക്ഷം രൂപയുമെടുത്താണ് യുവതി രണ്ടര വയസ്സുള്ള മകളേയുംകൂട്ടി സ്വന്തം നാടായ കര്‍ണാടകയിലെത്തുന്നത്. സിദ്ധരാജുവും യുവതിയും അയല്‍വാസികളായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു.
ഇരിക്കൂറിലെ വീട്ടില്‍ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിന് കേരള പോലീസ് തിങ്കളാഴ്ച കര്‍ണാടകയിലെത്തി സിദ്ധരാജുവിനെ ചോദ്യം ചെയ്തു. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, ഇരിക്കൂര്‍ സിഐയുടെ ചുമതലയുള്ള കെ.ജെ. വിനോയ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡംഗങ്ങളായ എ.എം. സിജോയ്, കെ.ജെ. ജയദേവന്‍, പി. രതീഷ്, കെ.പി. നിജീഷ്, വി. ഷാജി എന്നിവരാണ് കര്‍ണാടകയിലെത്തി പ്രതിയെ ചോദ്യം ചെയ്തത്. യുവതി രണ്ടുലക്ഷം രൂപ തനിക്ക് തന്നതായി സിദ്ധരാജു പോലീസിനോട് പറഞ്ഞു. ഈ പണം സാലിഗ്രാം പോലീസ് ലോഡ്ജ് മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി പണവും സ്വര്‍ണവും യുവതി സ്വന്തംവീട്ടില്‍ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.
പെരിയപ്പട്ടണത്ത് സ്വന്തമായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഹാര്‍ഡ്വേര്‍ കട നടത്തുകയാണ് സിദ്ധരാജു. എന്നാല്‍, ലോഡ്ജ് മുറിയില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൊലയില്‍ കലാശിക്കുകയുമായിരുന്നു.