ചെമ്പേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം; 10 ലക്ഷം രൂപയുടെ നാശനഷ്‌ടം
ചെമ്പേരി:ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. ഓവർ വോൾട്ടേജ് എന്ന് സംശയം. അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപേ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച്‌ച ടൗണിൽ കെഎസ്ഇബി വൈദ്യുതി പോസ്‌റ്റ് മാറ്റി സ്‌ഥാപിച്ചിരുന്നു. ഇതിനായി വിച്‌ഛേദിച്ച വൈദ്യുതി കണക്ഷൻ പുനഃസ്‌ഥാപിച്ച സമയത്താണ് തീപിടിത്തമുണ്ടായത്. നിരവധി വ്യാപാര സ്‌ഥാപനങ്ങളിലെ ഫ്രീസർ, യുപിഎസ്, ഫ്രിജ്, ഡിവിആർ, വില പിടിപ്പുള്ള മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. കുടിയാൻമല പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.